Sunday 25 March 2012

കൊടുങ്കാറ്റിലണയാത്ത കുടുംബവിളക്കാവുക

    ചുവപ്പു സിഗ്നലിന് പിന്നാലെ ട്രാക്കിലൂടെ ഉയര്‍ന്നുവന്ന റെയിലിരമ്പം ഹൃദയത്തെ പ്രകമ്പനംകൊളളിക്കുമ്പോള്‍ പ്രജ്ഞയുടെ നൂലിഴയില്‍ പിടിമുറുക്കി ഗുരുദാസന്‍ പ്ളാറ്റ്ഫോമില്‍ നിന്നു.

ബാഗ്ളൂര്‍ കന്യാകുമാരി എക്സ്പ്രസ് കിതപ്പണയ്ക്കുകയാണ്. "പപ്പാ.." എന്ന കലമ്പിച്ച വിളിയില്‍ സങ്കടത്തിന്റെ വേലിയേറ്റവുമായി മകള്‍ ചിന്നു .. . അയാള്‍ പരിസരബോധം വീണ്ടെടുക്കാന്‍ പാടുപെടുകയായിരുന്നു. അവളുടെ കല്യാണത്തിനുവിളമ്പിയ കറിക്കൂട്ടുകളുടെയും വീടിന് പുതുമോടിക്കായി അടിച്ച പെയിന്റിന്റെയും മണം ഇപ്പോഴും അയാളില്‍നിന്ന് വിട്ടുപോയിട്ടില്ല. ആഘോഷപൂര്‍വം ഒരു യാത്രയയപ്പിന് മകളും മരുമകനുമായി ഈ സ്റ്റേഷനില്‍ ഇതേ പ്ളാറ്റ്ഫോമില്‍ വന്നുനിന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. പച്ചസിഗ്നലില്‍ ഇതേ ട്രെയിന്‍ മുന്നോട്ടുകുതിക്കുന്നതുകണ്ട് ചാരിതാര്‍ത്ഥ്യത്തോടെയായിരുന്നു മടക്കം. ചിന്നുവിന്റെ സങ്കട ശബ്ദവും വഹിച്ച് ആ ഫോണ്‍ സന്ദേശം വരുവോളം എല്ലാം ഭദ്രം എന്നു കരുതി തൃപ്തനായിരുന്നു. വിനോദുമായി പിരിയാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ ആദ്യം വിളിച്ചത് പപ്പയെത്തന്നെയാണ്. അവള്‍ പിണക്കത്തിന്റേതായി പറഞ്ഞ കാരണങ്ങളൊന്നും അയാള്‍ക്ക് വ്യക്തമായില്ല. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കണമെന്നു പറഞ്ഞതുമാത്രം ഓര്‍മ്മയില്‍നിന്നു. വിവാഹ ഉടമ്പടികളില്‍നിന്ന് മോചനം നേടി ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് ചിറകടിക്കുന്ന നൂറുകണക്കിന് യുവതീയുവാക്കന്മാരില്‍ ഒരാളായിക്കഴിഞ്ഞു തന്റെ ചിന്നുവും. കരഞ്ഞുകലങ്ങിയ മുഖവുമായി വീട്ടില്‍ കാത്തിരിക്കുന്ന അവളുടെ അമ്മ ശാരിയെക്കുറിച്ച് ഗുരുദാസന്‍ ഓര്‍ത്തു. ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്കുളള വഴിക്കല്ലാതെ വണ്ടി നീങ്ങിയപ്പോള്‍ ചിന്നു ചോദിച്ചു, " എന്താ പപ്പാ ഇതു വഴി?"

" ഇതൊരു പഴയ വഴിയാണ് ചിന്നൂ. കുട്ടിക്കാലത്ത് അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് ഞാന്‍ നടന്നുവന്നിരുന്ന ഗുരുസവിധത്തിലേക്കുളള വഴി."പച്ചിലക്കാടുകള്‍ക്കപ്പുറം ഗുരുദേവസമാധിമന്ദിരത്തിന്റെ താഴികക്കുടം ചൂണ്ടിക്കാട്ടിയിട്ട് അയാള്‍ തുടര്‍ന്നു.. " ഞാനൊരിക്കലും നിങ്ങള്‍ മക്കളെ ഇവിടെ കൊണ്ടുവന്നിട്ടില്ല. നിങ്ങള്‍ കാണണമെന്നാവശ്യപ്പെട്ടത് ആഘോഷങ്ങളുടെ മറ്റ് പല കേന്ദ്രങ്ങളുമായിരുന്നു. നിങ്ങളുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കാനുളള പ്രേരണയാല്‍ ഞാന്‍ ഇങ്ങോട്ടേക്കുളള എന്റെ ഇഷ്ടം മറച്ചുവച്ചു. ഇന്ന് മറ്റെങ്ങോട്ടുപോയാലും നിനക്കുകിട്ടാത്ത മനഃ ശാന്തി ഇവിടെനിന്ന് ലഭിക്കും. ഇത് ശിവഗിരിയാണ്. കച്ചവടക്കണ്ണില്ലാത്ത ലോകശാന്തിയുടെ ഏക ആശ്രയം."

അച്ഛനെ മറുത്ത് പറയാനാവാതെ അവള്‍ ആദ്യമായി വൈദികമഠത്തിനുമുന്നിലേക്ക് നടന്നു. ജനലഴികള്‍ക്കിടയിലൂടെ തെളിഞ്ഞു ശോഭപരത്തുന്ന വിളക്കും മഞ്ഞവിരിപ്പുകളും നിറഞ്ഞ മുറിയില്‍ ഗുരുവിന്റെ ചിത്രം. അവള്‍ അച്ഛനൊപ്പം നിന്ന് തൊഴുതു. ഇളംതിണ്ണയുടെ തണുപ്പ് ഉളളിലേക്ക് അരിച്ചുകയറുമ്പോള്‍ മനസ് പതുക്കെ മഞ്ഞുരുകുന്ന ഹിമവല്‍സാന്നിദ്ധ്യമറിയുന്നു. വിനോദുമായുളള വഴക്കുകള്‍, പൊരുത്തക്കേടുകള്‍, തന്റെ മനസറിയാന്‍ ശ്രമിക്കാത്ത ഈഗോക്ളാഷുകള്‍... അവള്‍ അച്ഛനോട് എന്നതിനേക്കാള്‍ ആ തണുത്ത പ്രകൃതിയോടാണ് സങ്കടങ്ങള്‍ പറഞ്ഞത്. ആകെ ഉരുകിയൊലിച്ച് കദനക്കടല്‍ ഒന്നടങ്ങിയപ്പോള്‍ ഗുരുദാസന്‍ ചിന്നുവിന് ഒരു പുസ്തകം സമ്മാനിച്ചു. കുറച്ചുമുമ്പ് ശിവഗിരിമഠം ബുക്ക് സ്റ്റാളില്‍നിന്നു വാങ്ങിയതാണത്. 'ശ്രീനാരായണ സ്മൃതി' എന്നെഴുതിയ തലക്കെട്ടിനുതാഴെ ഗുരുവിന്റെ ചിത്രത്തില്‍നോക്കി അവളിരുന്നു. " ഇത് ഞാന്‍ നേരത്തേ നിനക്ക് നല്‍കേണ്ടിയിരുന്നു. അഗാതാ ക്രിസ്റ്റിയും കെന്നത് ബെന്‍ടോണുമൊക്കെയായിരുന്നല്ലോ നിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. അതിനാല്‍ ഞാനും നിന്നെ ഈ വിശ്വമഹാത്മാവിന്റെ പുസ്തകങ്ങളിലേക്ക് വഴിതിരിച്ചില്ല. അതെന്റെ തെറ്റ്". അയാള്‍ പുസ്തകത്തിലെ ഒരു പ്രത്യേക പേജ് മറിച്ച് അവള്‍ക്ക് നല്‍കി. കറുത്ത അരിയുറുമ്പുകള്‍പോലുളള അക്ഷരങ്ങളില്‍ എഴുതിയ ശ്ളോകങ്ങളും അന്വയാര്‍ത്ഥവുമാണ് ആ പേജില്‍.

" വിവാഹസ്തു വിനോദായ പരമൈഹിക ജീവിതേ
സുഖായേദം ഹിതം കിഞ്ചിത് കര്‍മ്മേതി ച ന ചിന്തയേത്." (വിവാഹമെന്നത് കേവലം സുഖത്തിനും വിനോദത്തിനും വേണ്ടിമാത്രമുളള കര്‍മ്മമാണെന്ന് വിചാരിക്കരുത്) എന്ന ശ്ളോകത്തിലാണ് അവളുടെ കണ്ണുകള്‍ ആദ്യം പതിഞ്ഞത്. പിന്നെ, ഗുരുകാരുണ്യം വാഗര്‍ത്ഥങ്ങളിലൂടെ അവളിലേക്ക് പ്രവഹിച്ചു തുടങ്ങി. മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം അനാവരണം ചെയ്യപ്പെടുന്ന മൊഴിമുത്തുകളിലൂടെയുളള യാത്ര. നല്ല സമൂഹസൃഷ്ടിക്കായി ഉത്തമ പുത്രന്മാരെ ഗര്‍ഭംധരിച്ച് പ്രസവിച്ച് വളര്‍ത്തുക എന്നതാണ് ദാമ്പത്യത്തിന്റെ പ്രധാനധര്‍മ്മം. ഉത്തമപൌരനാക്കി ഒരു പുത്രനെയോ പുത്രിയെയോ സമൂഹത്തിനു നല്‍കാനുളള വ്രതമായി ദാമ്പത്യത്തെ കാണണം. ഒന്നിച്ചുളള ജീവിതത്തിന്റെ നന്മതിന്‍മകളെക്കുറിച്ച് ആലോചിച്ചും തുറന്ന് ചര്‍ച്ചചെയ്തും ധാരണയിലെത്തിയശേഷം വേണം ദാമ്പത്യത്തിലേക്ക് കടക്കാന്‍ . അത് ആല്‍ത്തറവട്ടത്തിലോ അമ്പലമുറ്റങ്ങളിലോ ശുദ്ധവായു നുകര്‍ന്ന് മാതാപിതാക്കളുടെ വിദൂരസാന്നിദ്ധ്യത്തിലാവണം. വിവാഹശേഷം എല്ലാ പ്രവര്‍ത്തികളും ആത്മാര്‍പ്പണത്തോടെയും പരസ്പരാനുരാഗത്തോടെയും അനുഷ്ഠിക്കുമ്പോള്‍ അന്യോന്യമുളള തെറ്റുകള്‍ സസന്തോഷം പരിഹരിക്കപ്പെടുന്നു . കൊടുങ്കാറ്റിലണയാത്ത കുടുംബവിളക്കായി സര്‍വൈശ്വര്യങ്ങളുടെ ദേവതയായി നീ പ്രകൃതിക്ക് അനുഗുണയായ സ്ത്രീ രത്നമാവുക എന്ന മൊഴിമാധുര്യം ഗുരുദേവന്‍ പുസ്തകത്താളുകളില്‍ നേരിട്ടുവന്നിരുന്ന് പകര്‍ന്നു നല്‍കുന്നതുപോലെ തോന്നി അവള്‍ക്ക്. അവള്‍ ദ്വേഷങ്ങളുടെ ലോകത്തോട് വിടപറഞ്ഞു. മൊബൈലെടുത്ത് നമ്പര്‍ പരതുമ്പോള്‍ കണ്ണുകളില്‍ പുതിയ തിളക്കം . " വിനോദ് ... വിശുദ്ധ സ്നേഹത്തിന്റെ ശാന്തി തീരത്ത് വാശികളകന്ന ഹൃദയവുമായി ഞാന്‍ കാത്തിരിക്കുന്നു. വര്‍ക്കലയിലെ ഈ ഗുരുസവിധത്തിലേക്ക് വരാന്‍ മനസ്സനുവദിക്കുമെങ്കില്‍ വരിക. ശാരദാംബ നമ്മുടെ രണ്ടാംസമാഗമത്തിന് വേദിയൊരുക്കും." വൈദികമഠത്തെ വലംവച്ച് ചന്ദനഗന്ധമുളള ഒരിളംകാറ്റുവന്ന് അവളുടെ മുടിയിഴകളില്‍ തഴുകി. ശാന്തിയുടെ പ്രതീകംപോലൊരു വെളളിമേഘം മഹാസമാധിക്കുമുകളില്‍ ആകാശം മൂടുന്നതുകണ്ട് ഗുരുദാസന്റെ കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിന്റെ ഒരു വലിയഭാഗം ഈ ദര്‍ശനസൌഭാഗ്യത്തെ അവഗണിച്ചു ജീവിക്കേണ്ടിവന്നതില്‍ അയാള്‍ക്ക് വല്ലാത്ത നഷ്ടബോധം തോന്നി.

Sunday 18 March 2012

തിളച്ചുതൂവാതെ കലം ഇറക്കിവയ്ക്കാം

"കുടിപ്പളളിക്കൂടത്തിലേക്ക് നാട്ടുവഴിയിലൂടെ നടന്നുപോകുമ്പോഴാണ് ഒരു പുലയക്കുടിലില്‍ അടുപ്പത്തുവച്ചിരുന്ന അരിതിളച്ചു തൂവുന്നത് നാണു കണ്ടത്. നമ്പൂതിരിക്കും നായര്‍ക്കും ഈഴവരോട് തീണ്ടല്‍ ഉണ്ടായിരുന്നതുപോലെ ഈഴവര്‍ക്ക് പുലയരോടും തീണ്ടല്‍ ഉണ്ടായിരുന്ന കാലമാണത്. ഇതൊന്നും കാര്യമാക്കാതെ നാണു പുലയക്കുടിയില്‍ കയറി തിളച്ചുതൂവുന്ന അരിക്കലം ഇറക്കിവച്ചു. ഇതറിഞ്ഞ കാരണവര്‍ നാണുവിനെ ശാസിക്കാനായി വിളിച്ചു. "ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവര്‍ പട്ടിണിയാകുമായിരുന്നു." എന്നു നിര്‍ഭയനായി നാണു പ്രതികരിച്ചു." ഗുരുദേവന്റെ കുട്ടിക്കാലത്തെക്കുറിച്ച് ജീവചരിത്രങ്ങളില്‍ വിവരിക്കപ്പെട്ട സന്ദര്‍ഭമാണിത്.

നാണുവിന് ബാല്യം മുതല്‍ക്കേ തീണ്ടലും തൊടീലും ഒന്നും ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാണ് ജീവചരിത്രകാരന്മാര്‍ ഈ സന്ദര്‍ഭവിവരണം നടത്തുന്നത്. എന്നാല്‍ ശ്രീനാരായണഗുരുവിനെപ്പോലെ കാലാതിവര്‍ത്തിയായ ഒരു മഹായോഗിയുടെ പ്രവൃത്തി എന്ന നിലയ്ക്ക് പരിശോധിക്കുമ്പോള്‍ ഇതങ്ങനെ നിസാരമായി വ്യാഖ്യാനിക്കാന്‍ സാധിക്കുന്ന ഒന്നല്ല. അദ്ധ്വാനിക്കുന്നവരോടും അവഗണിക്കപ്പെടുന്നവരോടും കുട്ടിക്കാലം മുതല്‍ക്കേ ഗുരുവിന് അനുകമ്പയുണ്ടായിരുന്നു. സാമൂഹ്യവ്യവസ്ഥിതിയുടെ ദൂഷിതാവസ്ഥകള്‍ നീക്കി അവരെക്കൂടി പൊതുധാരയില്‍ എത്തിക്കാനും ജാതിക്കതീതരാക്കാനും ഗുരുദേവന്‍ നടത്തിയ ആദ്യശ്രമം എന്ന നിലയില്‍ ഈ സംഭവത്തെ കാണണം.

തിളച്ചു തൂവുന്ന കലം എന്നത് ഒരു ബിംബമായി കണ്ടാല്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഉളളിലെ വിപ്ളവചിന്തകളുടെ തിളയ്ക്കല്‍ കൂടിയാണത്. പക്വവും സമയോചിതവുമായ നേതൃത്വ ഇടപെല്‍ ഇല്ലെങ്കില്‍ ആ ചിന്തകള്‍ തിളച്ചുതൂവുക തന്നെ ചെയ്യും. അതിന്റെ ഫലം സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കല്‍, ആള്‍ നാശം എന്നിവയാണ്. രക്തരൂക്ഷിത സമരങ്ങളിലൂടെ പാവപ്പെട്ട ജനതയെ അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കാനും അതുവഴി ചിലര്‍ക്ക് സ്വാര്‍ത്ഥതയുടെ സാമ്രാജ്യങ്ങള്‍ ഉണ്ടാക്കാനും കഴിയും. അതിനിടവരുത്താതെ തിളച്ചുതൂവും മുമ്പ് വിവേകബുദ്ധിയോടെ വികാരം ഇറക്കിവച്ച് പാകപ്പെടുത്തിയാല്‍ സ്വയം തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ വളരാനും ഊര്‍ജം ലഭിക്കും. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗത്തിലൂടെ മാതൃക കാട്ടിയശേഷം അതേ രീതിയില്‍ ഉയര്‍ന്നുവരാന്‍ ഗുരു അന്നത്തെ പിന്നാക്കവിഭാഗ നേതാക്കളെ പ്രേരിപ്പിച്ചു. ഗുരുഭക്തരായിരുന്ന അയ്യന്‍കാളിയും പണ്ഡിറ്റ് കെ. പി. കറുപ്പനും കൃഷ്ണാതി ആശാനും അടക്കമുളള വിദ്യാസമ്പന്നരായ നേതാക്കള്‍ സ്വസമുദായത്തെ വെളിച്ചത്തിലേക്ക് വഴിനടത്തിയത് ഗുരുമാര്‍ഗം മാതൃകയാക്കിക്കൊണ്ടായിരുന്നു.

അന്ന് കുട്ടിയായിരുന്നപ്പോള്‍ കാട്ടിയ അതേ യുക്തിബോധംകൊണ്ട് ദളിതരില്‍ ഉണര്‍ന്ന വിപ്ളവവീര്യം തിളച്ചുതൂവാതെ കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനരംഗത്തേക്ക് ഇറക്കിവയ്ക്കാനും ആ വികാരാവേശത്തില്‍നിന്ന് സമൂഹവളര്‍ച്ചയ്ക്കുളള അന്നവും ഊര്‍ജവും ഉണ്ടാക്കാനും ഗുരുവിന്റെ ഇടപെടലുകളാണ് സഹായിച്ചത്. തളളക്കോഴിയില്‍ നിന്ന് സൂത്രംപറഞ്ഞ് കുഞ്ഞുങ്ങളെ ദൂരേക്ക് അകറ്റിക്കൊണ്ടുപോയി ശാപ്പിടുന്ന ചിത്രകഥകളിലെ കുറുക്കന്റെ വംശക്കാര്‍ ദളിത്പ്രേമവും പറഞ്ഞ് കുറേക്കാലമായി ഇവിടെ ചുറ്റിക്കറങ്ങുന്നത് കാണുന്നുണ്ട്. ദളിതന്‍ എന്നും ദളിതനായി കളളിനും നിരക്ഷരതയ്ക്കും അടിപ്പെട്ടു കിടന്നാലേ അവര്‍ക്ക് സ്വന്തം അജണ്ട നടപ്പാക്കാന്‍ കഴിയൂ. അവര്‍ക്കുമുന്നില്‍ ഇന്നും വലിയ പ്രതിസന്ധി തീര്‍ക്കുന്നത് ഗുരുദര്‍ശനമാണ്. ഒരുവന്‍ മനസുകൊണ്ട് സ്വയം ദളിതനാണെന്ന് കരുതാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ദളിതനായി കാണാന്‍ കഴിയില്ലെന്ന ഗുരുവിന്റെ സിദ്ധാന്തമാണ് ഈ അഭിനവ ദളിത്പ്രേമികളുടെ ശത്രു. അതിനാല്‍ ഗുരുവിനെ അകറ്റിനിറുത്തിക്കൊണ്ട് ദളിത്മോചനത്തിന്റെ മറ്റൊരു ചരിത്രം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനപ്രസ്ഥാനത്തോട് ഗുരുവിനും കുമാരനാശാനും എതിര്‍പ്പായിരുന്നു എന്ന് അടുത്തകാലത്ത് ഒരു ദളിത്പ്രേമി എഴുതിയ ലേഖനങ്ങളില്‍ പരാമര്‍ശിച്ചുകണ്ടു. കേരളത്തിലെ പുതിയ തലമുറ ചരിത്രം പഠിക്കാന്‍ കാട്ടുന്ന അലസതയെ മുതലെടുക്കാനുളള ശ്രമമാണിത്. കൊടിയവിഷമുളള ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുളളിയിരുന്നകാലത്ത് ചാത്തന്‍പുലയനെ സാവിത്രി അന്തര്‍ജ്ജനത്തിന്റെ നായകനാക്കി കവിതയെഴുതാന്‍ നട്ടെല്ലുറപ്പുകാട്ടിയ ആശാനെയാണ് ദളിത് വിരുദ്ധനായി ചിത്രീകരിക്കുന്നത്. "നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍" എന്ന് ഇവിടുത്തെ തമ്പ്രാക്കളുടെ മുഖത്തുനോക്കി പാടിയ കുമാരമഹാകവി സഹോദരന്‍ അയ്യപ്പന്‍ പുലയരോടൊപ്പം ഭക്ഷണം കഴിച്ചത് എതിര്‍ത്തുപോലും. ഗുരുവിന്റെ ആവശ്യപ്രകാരമാണ് താന്‍ മിശ്രഭോജന പ്രസ്ഥാനം തുടങ്ങിയതെന്ന് പി. കെ. ബാലകൃഷ്ണന്റെ 'നാരായണഗുരു' എന്ന സമാഹാരഗ്രന്ഥത്തില്‍ സഹോദരന്‍തന്നെ പറയുന്നുണ്ട്. ഇതൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് ഗുരു ഈഴവശിവനെ പ്രതിഷ്ഠിച്ചു എന്നു പറഞ്ഞുവോ ഇല്ലയോ എന്ന് തര്‍ക്കിക്കാനാണ് നമ്മുടെ ബുദ്ധിജീവികള്‍ക്ക് താല്പര്യം. ഒരിക്കലും അവസാനിക്കാത്ത തര്‍ക്കം. പാലാഴികടയുമ്പോള്‍ അമൃതകുംഭം ഉയര്‍ന്നുവരുമെന്നതുപോലെ കാളകൂടവും ഉയര്‍ന്നുവരും. 'ഈഴവശിവന്‍ തര്‍ക്കമഥന' ത്തിനിടയില്‍നിന്ന് ഉയര്‍ന്നുവന്ന കാളകൂടമാണ് ഗുരുദേവനെ ഒരു സമുദായ പക്ഷപാതിയായും അതു വഴി ദളിത് വിരുദ്ധനായും വ്യാഖ്യാനിക്കാനുളള ശ്രമങ്ങള്‍.

വൃത്തിയുളള സാഹചര്യത്തില്‍ ജീവിക്കാനും വിദ്യ അഭ്യസിച്ച് വളരാനും ഗുരു പഠിപ്പിച്ചത് എല്ലാവിഭാഗം മനുഷ്യരെയുമാണ്. മനുഷ്യത്വമാണ് നമ്മള്‍ നേടേണ്ട പരമപദം എന്ന് ഗുരു പറയുമ്പോള്‍ അവിടെ ജാതി, മത, രാഷ്ട്രീയ ഭേദമില്ല. നന്നാകണം എന്നാഗ്രഹിക്കുന്ന ഏതു ജനതയ്ക്കും പിന്തുടരാന്‍ ഗുരുദര്‍ശനമാണ് മികച്ച മാതൃക. ഗുരുദേവന്‍ വിശുദ്ധിയുടെ വെളള വസ്ത്രം ഉടുപ്പിച്ച് പൊതുധാരയിലിറക്കിയവരുടെ പിന്‍തലമുറയെ കറുപ്പണിയിച്ച് നിഴല്‍യുദ്ധത്തിന് തയ്യാറാക്കി വിടുന്നവരുടെ മനസ്സിലിരിപ്പ് എന്താണെന്ന് ചിന്തിക്കുന്നവര്‍ക്ക് പിടികിട്ടും. അരാജകത്വത്തിന്റെ പുതിയ സമവാക്യങ്ങള്‍ അവതരിപ്പിക്കുന്നവരും പറയുന്നത് അറിവ് വിസ്ഫോടനമുണ്ടാക്കുമെന്നാണ്. അവര്‍ ബോംബുണ്ടാക്കുന്ന അറിവാണ് വിളമ്പുന്നത്. ആ വഴിക്ക് ഇറങ്ങിപ്പുറപ്പെടുന്നവര്‍ അതിനു മുമ്പ് ഗുരുചരിതം വായിക്കണമെന്നാണ് അപേക്ഷ. ആ വിശ്വദര്‍ശനം തുളുമ്പിനില്‍ക്കുന്ന കൃതികള്‍ പഠിക്കാന്‍ ശ്രമിക്കുക. മനസ്സിലെ വിദ്വേഷംതിളയ്ക്കുന്ന കലം ഗുരുദേവന്‍ തന്നെ വന്ന് സമയോചിതമായി ഇറക്കി വച്ചുകൊളളും.

Sunday 11 March 2012

നിളയ്ക്കു വേണ്ട; എളളും പൂവും


ഇമവെട്ടാത്ത ദീപനാളങ്ങള്‍ തെളിഞ്ഞുനിന്ന  നിലവിളക്കിനുമുന്നില്‍  ഇമകളടച്ച് ഭാഗീരഥിയമ്മ അന്ത്യയാത്രയ്ക്ക് ഒരുങ്ങിക്കിടന്നു. ചുവന്നകരയുളള   സെറ്റുമുണ്ടാണ് അപ്പോഴും അവര്‍ ധരിച്ചിരുന്നത്. അതിന്റെ ഇഴകള്‍ കാലപ്പഴക്കംകൊണ്ട്  പിഞ്ചിയിരിക്കുന്നു.    അറ്റുപോകാത്ത ബന്ധങ്ങളുടെ ഇഴയടുപ്പംകൊണ്ട് ഭാഗീരഥിയമ്മ മറ്റെന്തിനേക്കാളും  പ്രാധാന്യം ആ തുണിക്കഷ്ണത്തിന് നല്‍കിയിരുന്നു. വൃദ്ധസദനത്തിന്റെ പടിക്കെട്ടുകളിലേക്ക് ജീവിതത്തിന്റെ അവസാനകാണ്ഡം അനുഭവിക്കാന്‍ പ്രവേശിക്കുമ്പോള്‍ മകന്‍ പ്രഭാകരന്‍ അവസാനമായി നല്‍കിയതാണ് ചുവന്നകരയുളള ആ സെറ്റുമുണ്ട്. അതവര്‍ പിന്നെ ദേഹത്തുനിന്ന് മാറ്റിയിട്ടില്ല. വൃദ്ധസദനം നടത്തിപ്പുകാരും അന്തേവാസികളായ മറ്റുളളവരും പലതവണ നിര്‍ബന്ധിച്ചിട്ടും ആ സെറ്റുമുണ്ട് മാത്രം അവര്‍ നനച്ചുണക്കി ഉടുത്തുകൊണ്ടിരുന്നു.
     ഒരു ഓണക്കാലത്താണ് ഭാഗീരഥി അമ്മയെകണ്ടത്.വൃദ്ധസദനത്തിലെ ഓണം എന്ന ഒരു ഫീച്ചര്‍ എഴുതുകയായിരുന്നു ദൌത്യം. ഓരോ ഓണത്തിനും മക്കളാരെങ്കിലും വന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് കരുതിയിരുന്ന് നിരാശരാകുന്ന ഒരു പാട് അമ്മമാരും അച്ഛന്‍മാരും  അവിടെ ഉണ്ടായിരുന്നു.  അവരുടെ സങ്കടങ്ങള്‍ കടലാസില്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മനസും ശൂന്യമായി. എന്നാല്‍ ഓര്‍മ്മയുടെ നിഴലനക്കം മാത്രം അവശേഷിക്കുമ്പോഴും "സിസ്റ്ററേ ഗേറ്റിലേക്ക് ഒന്നു നോക്കിക്കേ അവന്‍ വന്നോ" എന്നുമാത്രം ഇടയ്ക്കിടെ ഉരുവിട്ടുകൊണ്ടിരുന്ന ഭാഗീരഥിയമ്മ മാത്രം മനസില്‍നിന്നിറങ്ങിപ്പോകാതിരിക്കാന്‍ വാശിപിടിച്ചു.  "ജോലിത്തിരക്ക് ഒഴിയാഞ്ഞിട്ടാണ്. അല്ലേല്‍ പ്രഭാകരന്‍ വരാതിരിക്കുമോ? എനിക്കറിഞ്ഞുകൂടേ അവനെ.. പാവത്താന്‍.." എന്നുമാത്രമേ മകനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയൂ. പിന്നെ ഇടയ്ക്കിടെ ആ വൃദ്ധസദനത്തിലേക്ക് വിളിച്ച്  "ഭാഗീരഥിയമ്മയുടെ മകന്‍ വന്നോ?" എന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.  ഉത്തരം മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുളള ചോദ്യം. കഴിഞ്ഞ രാത്രി വൃദ്ധസദനംകാര്‍ ഇങ്ങോട്ടാണ് വിളിച്ചത്. വിവരം അറിഞ്ഞപ്പോള്‍ ആദ്യംചോദിച്ചത് "സിഡ്നിയില്‍ നിന്ന് അവരുടെ മകന്‍ എത്തുമോ" എന്നായിരുന്നു.  പ്രഭാകരന് ജോലിത്തിരക്കാണ്. മരണാനന്തരചടങ്ങുകള്‍ നടത്താന്‍ നാട്ടില്‍ ഏര്‍പ്പാടുചെയ്തതായും  ചിതാഭസ്മം അടുത്ത വെക്കേഷന് നിളയില്‍ ഒഴുക്കേണ്ടതിനാല്‍ സൂക്ഷിച്ചുവയ്ക്കണമെന്നും  പ്രഭാകരന്‍ അറിയിച്ചിട്ടുണ്ടെന്ന് സദനം മാനേജര്‍ പറഞ്ഞു.  നാട്ടില്‍ അടുക്കളപ്പണിക്കാരിയായി ജീവിച്ച ഭാഗീരഥി അമ്മയ്ക്ക് സ്വപ്നം കാണാന്‍പോലും കഴിയാത്ത അത്ര പ്രൌഢിയോടെ അടുത്ത വെക്കേഷന് എത്തുമ്പോള്‍ പ്രഭാകരന്‍ അവരുടെ ശ്രാദ്ധം നടത്തിയേക്കാം. നിളയുടെ ഇനിയും വറ്റാത്ത നീര്‍ച്ചാലുകളില്‍ ഒരിറ്റ് എളളും പൂവും വീണാല്‍ ഭാഗീരഥി അമ്മയ്ക്ക് ശാന്തി കിട്ടുമോ? ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത ശാന്തി മരണശേഷം എങ്ങനെ ലഭിക്കും? ഇത്തരം ചോദ്യങ്ങള്‍ ഉളളുനീറ്റുമ്പോള്‍ ഏറ്റവും അടുത്തുളള ഗുരുസങ്കേതങ്ങളില്‍ ഒന്നില്‍ അഭയം പ്രാപിക്കുകയാണ് പതിവ്. കുന്നുംപാറയിലെ കടലിന് അഭിമുഖമായി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്ക്  മുകളിലേക്കാണ്്    ഇത്തവണ  എത്തിയത്. മനസിലെ ശോകം പ്രതിഫലിച്ചിട്ടെന്നപോലെ ദൂരെ കടല്‍ ശോണിത വര്‍ണ്ണംപൂണ്ടു കിടന്നു. പാറക്കൂട്ടത്തിനുതാഴെ ഗുരു പ്രതിഷ്ഠിച്ച സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് മണിമുഴങ്ങുന്നു. കടലില്‍ വീണലിയാന്‍ വെമ്പുന്ന കര്‍മ്മസാക്ഷിയോട് ചോദിച്ചു, എന്താണ് ഈ ജീവിതം? എന്താണ് കര്‍മ്മബന്ധങ്ങളുടെ അടിസ്ഥാനം?
    ക്ഷേത്രമണിനാദത്തില്‍ ശ്രുതിചേര്‍ത്ത് ശ്രീനാരായണധര്‍മ്മത്തിലെ ആ ശ്ളോകധാര മനസിലേക്ക് മെല്ലെ ഒഴുകിവരികയാണ്.
"ബ്രാഹ്മഃ പിത്യ്രസ്തഥാ ദൈവസ്തതോ ഭൌതികമാനുഷൌ
 ഏതേ പഞ്ചമഹായജ്ഞാഃ പ്രോച്യന്തേ നയകോവിദൈ
ഭൂതയജ്ഞസ്തിരശ്ചാം യദാഹാരാദിസമര്‍പ്പണം
മാനുഷ്യോതിഥിവര്‍ണ്ണാര്‍ത്തഭൃത്യാനാമാപി പൂജനം"
സൂര്യന്‍ പ്രകാശിക്കുകയും ജീവജാലങ്ങള്‍ക്ക് ഊര്‍ജം പകരുകയും ചെയ്യുന്നത് യജ്ഞമാണ്. മനുഷ്യജീവിതവും യജ്ഞമായിക്കണ്ട് അനുഷ്ഠിക്കണം. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, അതിഥിയജ്ഞം എന്നിവയാണ് മനുഷ്യന്‍ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങള്‍. വിദ്യനേടുകയും മറ്റൊരാള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുകയെന്നതാണ് ബ്രഹ്മയജ്ഞം. ദേവന്മാര്‍ക്കായി ദേവയജ്ഞവും പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്‍കുന്നത്  ഭൂതയജ്ഞവുമാണ്. അതിഥിയജ്ഞം  ആലംബഹീനര്‍ക്ക് ആഹാരം നല്‍കുക എന്നതാണ്. പിതൃയജ്ഞം എന്നത് പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടുകയെന്നാണ് പൊതുവേ വിശദീകരിക്കുന്നത്. എന്നാല്‍ ഗുരുദേവന്‍ പറയുന്നത് ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്ക് അന്നവും വസ്ത്രവും  ഔഷധവും മനസ്സുഖവും നല്‍കി സന്തോഷിപ്പിക്കുകയാണ് പിതൃയജ്ഞം എന്നാണ്. ഒരു ജന്മത്തിന്റെ കടംവീട്ടലാണത്. ജീവന്‍ നിലനിര്‍ത്താന്‍  കാരണഭൂതരായ സൂര്യന്‍, വായു, ജലം, മണ്ണ് എന്നിവയോട് നന്ദി ഉണ്ടായിരിക്കുന്നതുപോലെ തന്നെ ജന്മം നല്‍കിയവരോടും നന്ദി ഉണ്ടാകണം. മരിച്ചതിനുശേഷം കുറേ കണ്ണീരൊഴുക്കിയിട്ടോ വൈദികന്‍ പറയുന്നപോലെ       "എളെളട് , തണ്ണികൊട്" എന്ന് അനുസരിച്ച് ചെയ്തിട്ടോ കാര്യമില്ല. മനുഷ്യശരീരം സ്വീകരിച്ചവര്‍ക്ക്  ആ ശരീരത്തിലിരിക്കുമ്പോള്‍ കൊടുക്കാന്‍ കഴിയുന്നതിനപ്പുറത്തേക്ക് മറ്റൊന്നും പകരമാവില്ല. അങ്ങനെയെങ്കില്‍ ഭാഗീരഥിയമ്മയുടെ ചിതാഭസ്മവുമായി പ്രഭാകരന്‍ നടത്താനുദ്ദേശിക്കുന്ന ആര്‍ഭാടശ്രാദ്ധമൂട്ടിന് എന്തു പ്രസക്തി?  ഇതൊക്കെ ചിന്തിക്കാനും അറിയാനും  കൂടുവിട്ടുപറക്കുന്ന പ്രഭാകരന്മാര്‍ക്ക് എവിടെ സാവകാശം? അവര്‍ ഓടട്ടെ.. ഓടിത്തളരട്ടെ... അവര്‍ക്കുളള വൃദ്ധസദനങ്ങള്‍ എവിടെയോ കാത്തിരിക്കുന്നുണ്ട്. ഇതൊക്കെ അവിടെയെത്തുമ്പോള്‍  സ്വയം   ബോധ്യമായിക്കൊളളുമെന്ന് നേര്‍ത്ത ഇരുട്ടില്‍ ആരോ മന്ത്രിക്കുന്നു?
    കുന്നുംപാറ സുബ്രഹ്മണ്യന്റെ ശ്രീകോവിലില്‍ നിന്ന്  എരിയുന്ന കര്‍പ്പൂരഗന്ധം നാസാരന്ധ്രങ്ങളില്‍ തട്ടിയപ്പോഴാണ് ചിന്താപടലങ്ങളില്‍ നിന്ന് മുക്തനായത്. അന്തിച്ചുവപ്പ് ഇനിയും മായാത്ത ആകാശത്തിനു താഴെ അനുഭൂതിയുടെ നിഗൂഢരഹസ്യങ്ങളുമായി  'ഗുരുസാഗരം'   അനന്തമായി  ആഴ്ന്ന് പരന്നു കിടന്നു.