Monday 24 September 2012

സാർത്ഥവാഹക സംഘങ്ങൾ മുന്നോട്ടുതന്നെ ലീഡ്



കൊല്ലം കോട്ടാത്തലയിൽ ഒരു ഉൾപ്രദേശത്ത് യാത്രചെയ്യുമ്പോഴാണ് പഴയകാലത്തിന്റെ അവശേഷിപ്പുപോലുളള ആ കാഴ്​ച കണ്ടത്.
നാൽക്കവലയിലെ ഒരു ചെറിയകടയിലേക്ക് ചാക്കുകെട്ടിൽ പൊതിഞ്ഞ കപ്പയും ചുമന്നുകൊണ്ട് ഒരു മദ്ധ്യവയസ്കൻ വരുന്നു. കച്ചവടക്കാരൻ അത് തൂക്കിനോക്കി പണം നൽകി. അദ്ധ്വാനത്തിന്റെ ഫലം കൈലിമുണ്ടിന്റെ മടക്കിൽ തിരുകി മദ്ധ്യവയസ്കൻ മറഞ്ഞു. അല്പം കഴിഞ്ഞ് മറ്റൊരാൾ തോളിൽതാങ്ങി ഒരു വാഴക്കുല വില്ക്കാൻ വരുന്നു. മനസിലാകെ പഴമയുടെ സുഖമുള്ള ഗന്ധം നിറയുന്നതുപോലെ.
തൊടിയിലും പറമ്പിലും നട്ടുനനച്ചുണ്ടാക്കിയത് അവനവന്റെ ആവശ്യത്തിന് എടുത്തശേഷം ബാക്കി ക്രയവിക്രയം ചെയ്യുന്ന ഈ രീതിക്ക് ഗോത്രകാലത്തോളം പഴക്കമുണ്ട്. വർഷങ്ങളായി നഗരത്തിൽ ജീവിക്കുന്നതുകൊണ്ട് ഈ കാഴ്​ചയൊക്കെ ഓർമ്മയുടെ മണ്ഡലത്തിൽ നിന്ന് എന്നേ മാഞ്ഞുതുടങ്ങിയിരുന്നു.
പ്രാചീന കേരളത്തിലെ മരുതം നിവാസികൾ നെല്ലും കുറിഞ്ഞി നിവാസികൾ തിനയും മുളയരിയും മുല്ലൈ നിവാസികൾ പാലും പാൽ ഉത്പന്നങ്ങളും നൈതൽ നിവാസികൾ മത്സ്യവും പരസ്​പരം കൈമാറിയിരുന്നു. ബാർട്ടർ സമ്പ്രദായം എന്ന് ചരിത്രപുസ്​തകത്തിൽ പഠിച്ചിട്ടുള്ള ഈ രീതിയിലേക്ക് മദ്ധ്യവർത്തിയായി പിന്നീട് പണം കടന്നുവന്നു.
ആ ഗ്രാമീണദൃശ്യത്തിലേക്ക് വീണ്ടും മനസിനെ കടത്തിവിട്ടു. ഒരാൾക്ക് വിൽക്കാനുളളത് കപ്പയാണ്. മറ്റൊരാൾക്ക് പഴവും. കപ്പ വിറ്റയാൾ വന്ന് പഴം വാങ്ങിയേക്കാം. പഴം വിറ്റയാൾ വന്ന് കപ്പയും. ഈ ആഹാര വസ്​തുക്കളെക്കുറിച്ച് അവർ ഇരുവർക്കും ആശങ്കകളേയില്ല. കാരണം അവ വിളഞ്ഞത് അവരുടെയൊക്കെ കൺമുന്നിലാണ്.
തിരികെ തലസ്ഥാനത്തെത്തി ചാലയിലെ പച്ചക്കറിച്ചന്തവഴി നടന്നു. ലോറികളിൽ അന്യസംസ്ഥാനത്തുനിന്ന് ലോഡുകണക്കിന് പഴവും പച്ചക്കറികളും കപ്പയും ഒക്കെ വന്നുമറിയുന്നു. തിരക്കിട്ട് പായുന്ന ജനം മുൻപിൻ നോക്കാതെ വാങ്ങിക്കൊണ്ട് ഓട്ടം തുടരുന്നു. ഗ്രാമത്തിൽ കണ്ട ദൃശ്യത്തിൽനിന്ന് നേർവിപരീതമാണ് നഗരക്കാഴ്​ച. ഇത്ര തിടുക്കമില്ലായിരുന്നു അവിടെകണ്ട ക്രയവിക്രയത്തിന്. അതിൽ നന്മയുടെ ജലസ്​പർശം ഉണ്ടായിരുന്നു. പ്രഭാതത്തിൽ കപ്പയുടെ മൂടുമാന്തിയപ്പോൾ അതിന്റെ ഇലകളിൽ പറ്റിയിരുന്ന മഞ്ഞിൻതുള്ളികൾ ആ കർഷക ദേഹത്തെ മാത്രമല്ല മനസിനെയും കുളിർപ്പിച്ചിരിക്കാം. കപ്പ വാങ്ങി കഴിക്കുന്നവരിലേക്ക് ആ കുളിര് അദൃശ്യമായി പടർന്നൊഴുകും. സംസ്കാരത്തനിമ ആഹാരത്തിലൂടെ പ്രചരിക്കപ്പെടുന്നു.
ഷോപ്പിംഗ് മാളിലെ ശീതികരിച്ച ഔട്ട് ലെറ്റിലേക്കാണ് പിന്നെ കടന്നുചെന്നത്. കൃത്രിമത്തണുപ്പിന്റെ അവിഞ്ഞ ഗന്ധം. പലനിറങ്ങളിലുള്ള പായ്​ക്കറ്റുകളിൽ കാണുന്ന സാധനങ്ങൾ മിനിസ്ക്രീനിൽ പരസ്യവാചകങ്ങളിലൂടെ പരിചയമുള്ളവയാണ്. പച്ചക്കറിയും പഴവുമൊക്കെ ആകർഷകമായി പായ്​ക്കറ്റുകളിൽ അടുക്കി വച്ചിരിക്കുന്നു. വീൽ ഘടിപ്പിച്ച ബാസ്കറ്റുമായി കറങ്ങിനടന്ന് വാങ്ങിക്കൂട്ടുകയാണ് കസ്റ്റമേഴ്സ്.
ഗ്രാമത്തിൽകണ്ടത് അസ്​തമിക്കുന്ന കാലത്തിന്റെ കാഴ്​ച. രണ്ടാമത്തേത് മാറുന്ന കാലത്തിന്റേത്. മൂന്നാമത്തേത് മാറിയ കാലത്തിന്റെയും. രണ്ടാമത്തെ കാഴ്​ചയിൽ പച്ചക്കറി വന്നത് അന്യസംസ്ഥാനത്തു നിന്നാണെന്നും നമുക്കറിയാം. അവിടത്തെ കീടനാശിനി പ്രയോഗവും ഇപ്പോൾ ബോദ്ധ്യമായിട്ടുണ്ട്. ഉൾഭയത്തോടെയാണെങ്കിലും മറ്റു നിവൃത്തിയില്ലാത്തതിനാൽ നാം വാങ്ങിക്കഴിക്കുന്നു. ശീതീകരിച്ച ഔട്ട്​ലെറ്റിൽ സിനിമാനടിയെപ്പോലെ ഗ്ളാമർലുക്കുമായി ഇരിക്കുന്ന ഉത്പന്നങ്ങൾ എവിടെനിന്നു വന്നു എന്നുപോലും വാങ്ങുന്നവർക്ക് അറിയില്ല. പുറംമോടികണ്ട് വാങ്ങുകയാണ്. വേറെ നിവൃത്തിയല്ലാഞ്ഞിട്ടല്ല, അതൊരു സ്റ്റാറ്റസ് സിംബലായിക്കഴിഞ്ഞു. വിദേശകുത്തകകൾക്ക് മാർക്കറ്റ് തുറന്നിട്ടുകൊടുക്കുന്നതിലൂടെ ഇനിയുളള കാലം ഗ്രാമങ്ങളിലുള്ളവർക്കും ഈ സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായി മാറാമെന്ന് നമ്മുടെ ഭരണവർഗം ഉറപ്പു നൽകുകയാണിപ്പോൾ. വാങ്ങാനും വില്ക്കാനും വന്നവർ കൈയാളിയെടുത്ത രാഷ്ട്രീയ സ്വാതന്ത്ര്യം തിരിച്ചുപി‌ടിക്കാൻ ഒരുപാട് ജീവനുകൾ ബലികൊടുക്കേണ്ടിവന്ന നാ‌ടാണിത്. അതൊക്കെ ഓർമ്മയുടെ മണ്ഡലത്തിൽ മാഞ്ഞുപോകാനുള്ള കാലമായിട്ടില്ല. എന്നിട്ടും ബഹുരാഷ്​ട്റ കുത്തകകൾക്ക് രാജ്യത്തെ വില്പനയ്​ക്ക് വച്ചുകൊണ്ട് സാമ്പത്തികഘടന മെച്ചപ്പെടുത്താനാണ് നമ്മുടെ ശ്രമം. മുംബയ് മഹാനഗരത്തിലെ സ്റ്റോക് എക്സ്ചേഞ്ചിനു മുകളിലാണ് ഇപ്പോൾ സാമ്പത്തികഘടന മിന്നിമറയുന്നത്. ജാതിഭേദമില്ലാതെ പട്ടിണി അനുഭവിക്കുന്ന ആധുനിക ഇന്ത്യക്കാരന്റെ ആമാശത്തിലെ ദഹനരസത്തിലാണ് സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ഗ്രാഫ് കാണാൻ സാധിക്കുകയെന്ന് എന്നാണ് ബോദ്ധ്യപ്പെടുക?
വ്യവസായംകൊണ്ടും വ്യാപാരംകൊണ്ടും അഭിവൃദ്ധിപ്പെ‌ടാൻ ഗുരുദേവൻ അരുൾചെയ്തു. ശിവഗിരിയിൽ ഒരു ഫ്രീ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ പ്ളാൻ വരെ ഗുരു തന്റെ ശിഷ്യരെക്കൊണ്ട് തയ്യാറാക്കിച്ചിരുന്നു. വ്യവസായങ്ങളും കൈത്തൊഴിലും വിദഗ്‌ദ്ധമായി പരിശീലിപ്പിക്കുക. കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം. ദേശത്തിന്റെ ഭൂപ്രകൃതിയും സാഹചര്യങ്ങളും അനുസരിച്ച് പ്രകൃതിസമ്പത്തു നശിപ്പിക്കാതെ മിതമായി ഉപയോഗിച്ചുകൊണ്ടുളള വളർച്ചയാണ് ഗുരുദേവൻ വിഭാവനം ചെയ്തത്. കൈയും കണക്കുമില്ലാതെ വൻകിട ഇടപാടുകൾ നടത്തി വൻതുകകൾ ഉണ്ടാക്കുന്ന ഇന്നത്തെ രീതി ഗുരുവിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമാണ്. മിതമായി ഉപയോഗിച്ചാൽ ആർക്കും കുഴപ്പമില്ലാതെ മുന്നോട്ടുകൊണ്ടുപോകാവുന്ന പ്രകൃതിവിഭവങ്ങളും സാമ്പത്തിക സ്രോതസുമുള്ള രാജ്യമാണ് ഇന്ത്യ. കമ്മിഷൻ ഇടപാടുകളിലൂടെ സ്വജനങ്ങളും ഭരണകൂടവും നടത്തുന്ന മിസ് മാനേജ്മെന്റാണ് സാമ്പത്തിക അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും നിരക്ക് വർദ്ധിപ്പിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഇല്ലാതെ പോകുന്നത്. ജീവിതത്തെ വ്യക്തമായ കാഴ്​ചപ്പാടോടെ വീക്ഷിക്കാനും സ്വതന്ത്രമായ നിഗമനങ്ങളിൽ എത്താനുമുള്ള വിദ്യാഭ്യാസം നൽകണം എന്ന് ഗുരുദേവൻ പറഞ്ഞത് ഉൾക്കൊളളാൻ കഴിയാതെ പോയതുകൊണ്ടാണ് രാജ്യത്തെ അടിമത്തത്തിലേക്ക് വഴിനടത്തുന്ന സർക്കാരുകളും പ്രതികരണശേഷി നഷ്​ടപ്പെടുന്ന തലമുറയും ഇവിടെ ഉണ്ടാകുന്നത്.
ശുദ്ധീകരണത്തിന്റെ ചുവടുവയ്‌പ് എവിടെത്തുടങ്ങണം എന്ന സംശയവുമായി ഗുരുദേവനെ ധ്യാനിച്ച് ശിവഗിരിയിലെ മഹാസമാധിമന്ദിരത്തിന് പ്രദക്ഷിണം പൂർത്തിയാക്കിയിട്ടും പ്രത്യേകിച്ച് ഒരു ഉത്തരവും കിട്ടാത്തതിന്റെ നിരാശയോടെയാണ് കുന്നിറങ്ങിയത്.
പുറത്തേക്കിറങ്ങുമ്പോൾ ഒരു ചെറു ബോർഡുകണ്ടു. 'കപ്പ വില്ക്കപ്പെടും'. മാർക്കറ്റ് വിലയേക്കാൾ തുച്ഛമായ ഒരു തുകയും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷിച്ചപ്പോൾ അത് ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി വച്ചതാണെന്നറിഞ്ഞു. ആശ്രമംവക സ്ഥലത്ത് അദ്ദേഹവും സന്യാസിമാരും നട്ടുനനച്ചു വളർത്തിയതിന്റെ ഒരു ഭാഗമാണ് മിതമായ വിലയ്​ക്ക് വിൽക്കുന്നത്. കോട്ടാത്തലയിലെ ഗ്രാമീണദൃശ്യം അവിടെ പുനഃസൃഷ്ടിക്കപ്പെട്ടതുപോലെ തോന്നി. നിശബ്ദമായ ഒരു സമരംപോലെയുണ്ടിത്. ആരെയും പ്രകോപിപ്പിക്കാത്ത പദചലനങ്ങളിലൂടെ അതിശക്തമായ സമാന്തരസാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുത്തുകൊണ്ടായിരുന്നല്ലോ ഗുരുദേവൻ കാലഘട്ടത്തെ തിരുത്തിയത്. അങ്ങനെയൊരു വിപ്ളവബോധം ഒന്നുകൂടി ഉളളിൽ ഊതിയുണർത്തേണ്ടിയിരിക്കുന്നുവെന്ന് ഗുരു മൊഴിയുന്നതുപോലെ തോന്നി.

Tuesday 18 September 2012

krishnanatam: മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം

krishnanatam: മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം:   സജീവ് കൃഷ്ണൻ തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. "ഈ വിലാസം ഒന്ന് കവ...

മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം


 


തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. "ഈ വിലാസം ഒന്ന് കവറിൽ എഴുതിത്തരുമോ?" അറുപതുകഴിഞ്ഞ ഒരു വീട്ടമ്മയാണ്. ജരാനരകൾ ആധിപത്യം ഉറപ്പിച്ച മുഖത്ത് ദീനത നിഴൽവിരിച്ചുനില്പുണ്ട്. അബുദാബിയിലെ ഒരു ബിസിനസ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഒരാളുടെ വിലാസമാണത്. കത്ത് ആർക്കാണെന്ന് അന്വേഷിച്ചു. സഹോദരനുളളതാണത്രേ. ബിരുദംനേടി അലഞ്ഞുനടക്കുന്ന തന്റെ മകനെ ഒന്നു കരകടത്തണം എന്ന പ്രാർത്ഥനയാണ് അതിലെ വരികൾ. അവരുടെ മുന്നിൽ ഏകരക്ഷകൻ ഗൾഫിലുളള സഹോദരനാണ്. വിശ്രമത്തിന്റെ സ്വസ്തി അറിയേണ്ട പ്രായത്തിൽ മൂന്നുനാലു വയറുകൾ പൊരിയാതെ കാക്കേണ്ട ഉത്തരവാദിത്വം ആ അമ്മയെ ആരുടെ കാലുപിടിക്കാനും നിർബന്ധിക്കുന്നു. വിലാസം എഴുതി കത്ത് പെട്ടിയിലിട്ടുകൊടുത്തു. ഒന്നു ചിരിക്കാൻ അവർ ശ്രമിച്ചു. പക്ഷേ, സങ്കടങ്ങൾ ആ മുഖപേശികളെ ചിരിക്കാൻ അനുവദിക്കാതെ പിന്നോട്ടുവലിക്കുകയാണ്. "നന്നായി പ്രാർത്ഥിച്ചാൽ മതി ഒക്കെ ശരിയാകും." എന്നുപറയാനാണ് തോന്നിയത്.

തിരികെഓഫീസിലേക്ക് നടക്കുമ്പോൾ ആലോചിച്ചു. മനുഷ്യൻ എന്നു മുതൽക്കാണ് അവന്റെ ആവശ്യങ്ങൾക്ക് ദൈവത്തെ ആശ്രയിച്ചു തുടങ്ങിയത്.

ഋഗ്വേദംഎഴുതപ്പെടുന്നതിനുമുമ്പുളള കാലത്ത് മനുഷ്യനുമേൽ പ്രകൃതി അതിന്റെ കഠിനപരീക്ഷകൾ നടത്തിയിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. അഗ്നി പർവത സ്ഫോടനവും ഭൂകമ്പവും വെള്ളപ്പൊക്കവും കഠിനവരൾച്ചയും ഇടിമിന്നലും ഹിസ്രജന്തുക്കളും ജീവനെടുക്കാൻ വരുന്നത് അവനെ പേടിപ്പെടുത്തി. ഇവയെ എല്ലാം നേരിടാനുള്ള കരുത്തില്ലാതെ തോറ്റടിയുന്നിടത്താണ് പ്രാർത്ഥന എന്ന ആശയം ഉടലെടുത്തത്. ഈ ശക്തികളെ പ്രാർത്ഥനകൊണ്ട് തങ്ങൾക്ക് അനുകൂലമാക്കാനായി ശ്രമം. ഋഗ്വേദത്തിലെ പല മന്ത്രങ്ങളുടെയും അടിസ്ഥാനം ഇതാണെന്ന് ചരിത്രഗവേഷകർ പറയുന്നു. സുഖം, ദുഃഖം, ധർമ്മം, അധർമ്മം, വെളിച്ചം, ഇരുട്ട്, ജനനം, മരണം എന്നിങ്ങനെ വിരുദ്ധാനുഭവങ്ങൾ ബോധമണ്ഡലത്തെ അലട്ടിത്തുടങ്ങിയപ്പോഴാണ് മനുഷ്യൻ ജീവിതത്തിന്റെ പൊരുൾ അന്വേഷിച്ചു തുടങ്ങിയത്. അതായിരിക്കണം ദൈവത്തെ അന്വേഷിച്ചുളള യാത്രയുടെ ആരംഭം. വേദങ്ങൾ അതിനുളള മാർഗങ്ങൾ ചിട്ടപ്പെടുത്തി. പ്രവാചകർ അതിന് അവരുടേതായ വ്യാഖ്യാനങ്ങൾ നൽകി. അവ അവരുടെ മതങ്ങൾ അഥവാ അഭിപ്രായങ്ങൾ എന്ന നിലയിൽ പ്രചരിച്ചു. അവരെ പിന്തുടർന്നവർ വ്യത്യസ്ത മതങ്ങൾ ഉണ്ടാക്കി. ഓരോന്നിനും വ്യത്യസ്തമെന്നുതോന്നുന്ന ആരാധനാരീതികൾ ഉണ്ടായി. അത് ആ മതപ്രവാചകൻ ജനിച്ചതും ജീവിച്ചതുമായ നാടിന്റെ പൊതുരീതികളോടും സംസ്കാരത്തോടും പൊരുത്തപ്പെട്ടുനിന്നു. യാത്രാസൗകര്യങ്ങൾ വന്നതോടെ അവയുടെ പ്രചാരകർ കടൽകടന്നും മലകൾ താണ്ടിയും മതപ്രചാരണം നടത്തി. നിലവിൽ ഉള്ളതിനേക്കാൾ ശ്രേഷ്ഠമാണ് തങ്ങളുടെ ഈശ്വരാരാധനാരീതിയെന്ന് ബോധ്യപ്പെടുത്താൻ അവർ സ്വമതങ്ങളുടെ ആചാരത്തനിമയെ അതേപ‌ടി നിലനിറുത്താൻ ശ്രമിച്ചു. അതിന്റെ ചട്ടക്കൂട് സംരക്ഷിക്കാൻ ആത്മീയമായ വളർച്ചയെക്കാൾ ഭൗതികമായ അധികാരം നേടിയെടുക്കാനാണ് അവരെല്ലാംതന്നെ ശ്രമിച്ചത്. അങ്ങനെ സംഭവിക്കുകയും ചെയ്തു. ആദിയിൽ ഏത് സത്യം തേടിയാണോ അന്വേഷണം തുടങ്ങിയത്, അതിന്റെ പാതയിൽനിന്ന് വ്യതിചലിച്ച് സുഖം, ദുഃഖം, ധർമ്മം, അധർമ്മം, വെളിച്ചം, ഇരുട്ട്, ജനനം, മരണം എന്നിങ്ങനെ വിരുദ്ധാനുഭവങ്ങളിലേക്ക് തന്നെ മതങ്ങൾ മനുഷ്യനെ തിരിച്ചെത്തിച്ചു.
വൈകിട്ട്കുന്നുംപാറയിലെ സുബ്രഹ്മണ്യനെ വന്ദിച്ച് ഗുരുമന്ദിരത്തിനരികിലിരിക്കുമ്പോഴും രാവിലെ തപാൽ ഓഫീസിൽ കണ്ട അമ്മയുടെ രൂപമായിരുന്നു മനസിൽ. അവരുടെ സങ്കടങ്ങളെക്കുറിച്ച് ആലോചിച്ചു. മകന്റെ ജോലി. അതു ശരിയായാലോ? ഇഷ്ടഭക്ഷണം, നല്ല വീട്, പെൺമക്കളുടെ വിവാഹം, മകന്റെ വിവാഹം, കുട്ടികൾ... ഒടുവിൽ അവർ തിരിഞ്ഞുനോക്കിയില്ലെങ്കിൽ അതിന്റെ ദുഃഖം... അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.

ചിന്തകൾക്ക്ചക്രവാളത്തിൽ ചുവന്നുകൂടുന്ന മേഘക്കൂട്ടങ്ങളുമായി രൂപസാമ്യം തോന്നി. ആഴക്കടലിൽ ഒരു കപ്പൽ കരതേടിപ്പോകുന്നത് കാഴ്ചയിലുടക്കുന്നു. അപ്പോൾ,

"നാവികൻനീ ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം." എന്ന വരികൾ ഉളളിലൂറുന്നു. രാവ് കണ്ട് വെമ്പൽപൂണ്ട പക്ഷിയെപ്പോലെ സംശയങ്ങൾ ഉത്തരംതേടി അതാ ദൈവദശകത്തിലേക്ക് ചേക്കേറാനെന്നപോലെ പറന്നടുക്കുന്നു.

മനുഷ്യൻഇന്നേവരെ ദൈവത്തെക്കുറിച്ച് അവതരിപ്പിച്ച വിഭിന്ന സിദ്ധാന്തങ്ങൾ, വിഭിന്ന മതങ്ങൾ പ്രചരിപ്പിച്ച സാധനകൾ, തത്വചിന്തകൾ എന്നിവ വിരൽചൂണ്ടിയ അതേ സാക്ഷാത്കാരം. അതെല്ലാം ഒട്ടും കലർപ്പില്ലാതെ, തികഞ്ഞ പരിശുദ്ധിയോടെ ഈ ചെറുകൃതിയിൽ സമന്വയിപ്പിക്കുമ്പോൾ മനുഷ്യന്റെ ഈ വിധ ദുഃഖങ്ങൾക്കെല്ലാം ഒരു സിദ്ധൗഷധമായിത്തീരട്ടെ ദൈവദശകം എന്ന് ഗുരുദേവൻ ദീർഘവീക്ഷണം ചെയ്തിരിക്കാം.

ഏതുമതസ്ഥനും മതങ്ങളുടെ ചട്ടക്കൂട് പൊളിച്ചു പുറത്തുകടന്നവനും ഈശ്വരവിശ്വാസിക്കും അവിശ്വാസിക്കും ജീവിതസത്യത്തെ ബോധ്യമാക്കാൻ വേണ്ടതെല്ലാം ദൈവദശകം നൽകുന്നു. ബൃഹത്ഗ്രന്ഥങ്ങളിൽ സഹസ്രാബ്ദങ്ങൾകൊണ്ട് ജ്ഞാനികൾ ആയിരക്കണക്കിന് പേജുകളിൽ വിശദമാക്കാൻ ശ്രമിച്ച സത്യഭാഷ്യങ്ങൾ പത്തുപദ്യങ്ങളിൽ കുറുക്കിയെടുക്കാൻ തൃപ്പാദങ്ങൾ എത്രത്തോളം തപിച്ചിരിക്കാം എന്നാലോചിച്ചപ്പോൾ അറിയാതെ ഉള്ളുരുകിപ്പോയി. വേദാന്തത്തിന്റെ നാടെന്നൂറ്റംകൊളളുന്ന ഭാരതം വേദാന്തത്തിനു ഒരന്തമുണ്ടെങ്കിൽ അത് ദൈവദശകമാണെന്ന് തിരിച്ചറിയാൻ വല്ലാതെ വൈകുന്നു. മതേതരഭാരതത്തിന് ലോകംകേൾക്കെ ഉറക്കെപ്പാടാൻ ദൈവദശകത്തോളം യോഗ്യമായി മറ്റെന്താണുളളത്? ദൈവദശകം ദേശീയ പ്രാർത്ഥനാഗീതമാക്കാനുളള ശ്രമങ്ങൾ എങ്ങുമെത്താതെ പോവുകയാണ്. ദൈവദശകം വിവിധഭാഷകളിൽ പ്രചരിപ്പിക്കാനും തങ്ങളുടെ വിശ്വാസങ്ങളിൽനിന്ന് അന്യമല്ല ഇതെന്നും അതിനെ കൂടുതൽ ശുദ്ധീകരിക്കുന്ന പ്രാർത്ഥനയാണെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്താനും നാം ബാദ്ധ്യസ്ഥരായിരിക്കുന്നു. ദൈവദശകത്തിന് ദേശീയതലത്തിൽ അംഗീകാരം നേടിക്കൊടുക്കാനുളള തപസ്യാ സമാനമായ ഒരു യത്നത്തിന് മഹാസമാധിദിനത്തിൽ നമുക്ക് തുടക്കം കുറിക്കാം. ദൈവദശകം സ്വയം ജീവിതപ്രാർത്ഥനയാക്കിക്കൊണ്ട് പ്രചരിപ്പിക്കുകയാണ് ശരിയായ മാർഗം. അത് നമ്മുടെ സ്വപ്രകൃതത്തിന്റെ ഭാഗമായാൽ ഉണ്ടാകുന്ന ആത്മബലം നിസാരമായിരിക്കില്ല. സത്യം തിരിച്ചറിയുന്നവർ പിന്നെ മതങ്ങളുടെയും ജാതികളുടെയും രാജ്യങ്ങളുടെയും വേലിക്കെട്ട് തകർത്ത് ദൈവദശകത്തിനുപിന്നിൽ ഈശ്വരസാക്ഷാത്കാരത്തിനായി അണിനിരക്കും. ആദിമമനുഷ്യൻ അന്വേഷിച്ചു തുടങ്ങിയ ദൈവം ആ ദിവസം മാനവർക്ക് പ്രത്യക്ഷാനുഭവമാകും