Thursday 1 August 2013

ചെമ്പുമൊന്തയിൽ ക്ലാവ് പിടിക്കരുത്





വാരണപ്പള്ളിയിലെ പഠനകാലം. നാണുഭക്തൻ മ​റ്റുവിദ്യാർത്ഥികളിൽ നിന്ന് പ്രകൃതംകൊണ്ടും ചിന്തകൾകൊണ്ടും ഭിന്നനാണെന്ന് ബോദ്ധ്യമായ കാരണവർ അദ്ദേഹത്തെ അവരിൽനിന്ന് മാ​റ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചു. വാരണപ്പള്ളിയിലെ മ​റ്റൊരു വീടായ കുന്നത്തുഭവനമാണ് അതിനായി നിശ്ചയിച്ചത്. ഭക്തികാര്യങ്ങളിൽ അതീവതത്പരനായിരുന്ന ഗോവിന്ദപ്പണിക്കരാണ് അവിടെ താമസം. നാണുഭക്തനും പണിക്കരും പിന്നെ ഒരുമിച്ചായി കുളിയും ജപവും പ്രാർത്ഥനയുമൊക്കെ.
ഒരുദിവസം നാണുഭക്തൻ ഒരു വെളിപാടിലെന്നപോലെ ഗോവിന്ദപ്പണിക്കരോടു പറഞ്ഞു:

"എനിക്ക് ഒരു ചെമ്പുമൊന്തയുടെ ആവശ്യമുണ്ട്.'

"അതെന്തിന്?'

"ഈ സംസാരാർണവത്തിൽ ഒന്നു മുങ്ങിനോക്കുവാൻ ആഗ്രഹിക്കുന്നു. അതിന്റെ അടിയിൽ രത്‌നങ്ങൾ ഉള്ളവ ചെമ്പുമൊന്തയിലാക്കി എനിക്ക് ലോകക്ഷേമത്തിന് കാഴ്ചവയ്ക്കണം.'

ഗോവിന്ദപ്പണിക്കർ അതുകേട്ട് അത്ഭുതപ്പെട്ടിരുന്നു. നാണു പറയുന്നത് പലതും സാമാന്യബുദ്ധികൊണ്ട് ചിന്തിച്ചാൽ മനസിലാവാത്തതാണ്. പക്ഷേ, അതിലെവിടെയോ ദൈവികമായ ഒരു സ്പർശം അനുഭവിക്കാൻ കഴിയാറുണ്ടെന്ന് ബോദ്ധ്യമായിട്ടുണ്ട്. സംസാരാർണവം, ചെമ്പുമൊന്ത, രത്‌നങ്ങൾ എന്നീ പ്രയോഗങ്ങളാണ് പണിക്കർക്ക് പിടികിട്ടാതെ പോയത്.

സംസാരാർണവത്തെ ജീവിതമാകുന്ന സമുദ്രമായും രത്‌നങ്ങളെ അതിന്റെ അടിയിലുള്ള യഥാർത്ഥ ജീവിതമൂല്യങ്ങളായും പില്ക്കാലത്ത് ഗുരുവിന്റെ ജീവചരിത്രകാരന്മാർ വ്യാഖ്യാനിച്ചു. പക്ഷേ,`ചെമ്പുമൊന്തവേണം' എന്ന് എന്തിനാണ് നാണുഭക്തൻ ആവശ്യപ്പെട്ടതെന്നുമാത്രം ആരും വിശദമാക്കിക്കണ്ടില്ല. പഴയതലമുറയിലെ ചില ഗുരുദേവഭക്തരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു:

"അക്കാലത്ത് ചെമ്പുപാത്രങ്ങൾ സുലഭമായിരുന്നു. വീട്ടാവശ്യങ്ങൾക്ക് ചെമ്പുപാത്രങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്' എന്നായിരുന്നു മറുപടി. എന്തുകൊണ്ടോ ആ മറുപടിയിൽ തൃപ്തിപ്പെടാൻ മനസ് സമ്മതിച്ചില്ല. പിന്നെ ഗുരുവിനെക്കുറിച്ച് പുതിയ പുസ്തകങ്ങൾ വായിക്കുമ്പോഴും പഴയ പുസ്തകങ്ങൾ പുനർവായനയ്ക്ക് എടുക്കുമ്പോഴുമെല്ലാം ഈ ചെമ്പുമൊന്ത മനസിലേക്ക് കടന്നുവരിക പതിവായി. ചെമ്പുമൊന്തയുടെ രഹസ്യമറിയാതെ ഇനി മുന്നോട്ടുപോകാൻ വയ്യാത്ത അവസ്ഥ സംജാതമായി എന്നുപറയാം. തൃപ്പാദങ്ങളുടെ നാവിൽനിന്ന് വെറുതെ ഒരു വാക്കുപോലും അടർന്നുവീഴില്ല. "വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക' എന്ന് പ്രവാചകൻ മുഹമ്മദ് നബിയോട് ഹിറ ഗുഹയിൽ വച്ച് ദൈവം പറഞ്ഞതുപോലെ വീണ്ടും വായിക്കുകയല്ലാതെ സംശയദുരീകരണത്തിന് മ​റ്റ് മാർഗമില്ലെന്ന് മനസ് മന്ത്രിച്ചു. അങ്ങനെയൊരു വായനയ്ക്കിടെ കഴിഞ്ഞദിവസം ഈ ചെമ്പുമൊന്ത ഒരിടത്തിരുന്ന് തിളങ്ങുന്നത് കണ്ടു. വലിയൊരു രഹസ്യം തൃപ്പാദങ്ങൾ തന്നെ ഒടുവിൽ മുന്നിൽ കൊണ്ടുവന്ന് തുറന്നുവച്ചതായി തോന്നി.

കോട്ടുക്കോയിക്കൽ വേലായുധൻ മാസ്​റ്റർ എഴുതിയ ഗുരുവിന്റെ ജീവചരിത്രപുസ്തകത്തിന്റെ ഒരു കോണിലിരുന്നാണ് ചെമ്പുമൊന്ത തിളങ്ങിയത്. സന്ദർഭം ചുരുക്കിപ്പറയാം:

ശാരദാമഠത്തിനുവേണ്ടി പണപ്പിരിവിനായി തൃപ്പാദങ്ങൾ ശിഷ്യരുമൊത്ത് കുരുനാഗപ്പള്ളിയിലെ ചില ഭക്തരെ കാണാൻ സഞ്ചരിക്കുന്ന കാലം. അവർ തേവലക്കരയിൽ എത്തി. അവിടെ തെന്നൂർഭവനത്തിലെ ഗോവിന്ദൻ ചാന്നാരും കേശവൻ ചാന്നാരും വലിയ ഗുരുഭക്തരായിരുന്നു. കേശവൻ ചാന്നാരാകട്ടെ ജാതിഭേദമില്ലാതെ വിദ്യയുടെ വെളിച്ചം പകരണം എന്ന ഗുരുവാണി നടപ്പാക്കാൻ ദളിതക്കുട്ടികൾക്കുവേണ്ടി ഒരു സ്‌കൂൾ നടത്തുകയാണ് അക്കാലം. അതറിഞ്ഞപ്പോൾ ഗുരുവിന്റെ ചിത്തം സന്തോഷംകൊണ്ട് നിറഞ്ഞു. ആ വിദ്യാലയം സന്ദർശിക്കാൻതന്നെ തൃപ്പാദങ്ങൾ തീർച്ചപ്പെടുത്തി. സ്‌കൂൾ പരിസരത്ത് ഗുരു എത്തിയെന്നറിഞ്ഞ് ഭക്തർ തടിച്ചുകൂടി. അക്കൂട്ടത്തിൽ സവർണസമുദായാംഗങ്ങളുമുണ്ടായിരുന്നു. തന്നോടുള്ള ഭക്തികൊണ്ട് ജാതിഭേദംമറന്ന് തൊഴുതുനില്ക്കുന്ന ജനത്തെക്കണ്ടപ്പോൾ തൃപ്പാദങ്ങൾക്ക് ഉള്ളം കുളിർത്തു. എന്നാൽ ഹരിജനക്കുട്ടികൾ സ്‌കൂളിൽനിന്ന് അങ്ങോട്ടുകടന്നുവന്നതും ഭക്തർ ഗുരുവിനോട് യാത്രപറയാൻപോലും നില്ക്കാതെ വേഗം സ്ഥലംവിട്ടു.

"നിങ്ങൾ എന്തിനാണ് തിടുക്കത്തിൽ പോകുന്നത്. അവർ മനുഷ്യരല്ലേ' എന്ന് ഗുരുദേവൻ ചോദിച്ചു. ആ വാക്കുകളിൽ ലയിച്ചുകിടന്ന സങ്കടസ്വരങ്ങൾ അവർ തിരിച്ചറിഞ്ഞില്ല. ഗുരുവദനത്തിൽ വിഷാദംമൂടിയതുകണ്ട് ആ കുഞ്ഞുങ്ങൾ പകച്ചുനിന്നു. ഗുരു അവരെ കാരുണ്യപൂർവം അടുത്തേക്ക് വിളിച്ചു. കല്ക്കണ്ടവും മുന്തിരിയും നല്കി. മധുരംവാങ്ങാൻ തനിക്കുനേരെ നീളുന്ന ആ പിഞ്ചുകരങ്ങളിൽ നോക്കിയിട്ട് ഗുരു ശിഷ്യരോടുപറഞ്ഞു: "നോക്കണം വേല എടുക്കുന്ന കൈകൾ.' അപ്പോൾ ഒരു കണ്ണീർക്കണം ആ കരുണാർദ്രനയനങ്ങളിൽ വന്ന് അടരാൻ വെമ്പിനിന്നിരുന്നു. ഗുരുദേവൻ സ്‌നേഹാധിക്യത്തോടെ ആ കുഞ്ഞുങ്ങളോട് പലതും ചോദിച്ചു. അവർക്ക് കഞ്ഞികൊടുക്കാൻ ആവശ്യപ്പെട്ടു. കഞ്ഞിവിളമ്പാനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ കേശവൻ ചാന്നാരുടെ വീടിനകത്തുനിന്ന് അച്ഛമ്മ കൊച്ചുകാളിയുടെ ശബ്ദമുയർന്നു: "എടാ കേശവാ മൺകലം ഒന്നും തൊട്ടേക്കരുത്. ചെമ്പുപാത്രം മാത്രമേ എടുക്കാവൂ.' അതുകേട്ട് തൃപ്പാദങ്ങൾക്ക് കാര്യം മനസിലായി. കൊച്ചുമകന്റെ ഹരിജനോദ്ധാരണവുംമ​റ്റും ജാതിക്കുശുമ്പ് മായാത്ത ആ വൃദ്ധയ്ക്ക് അത്രപിടിച്ചിട്ടില്ല. മൺകലം ദളിതക്കുട്ടികൾ തൊട്ടാൽ അവ പിന്നെ ശുദ്ധമാക്കി എടുക്കാൻ പ​റ്റില്ല. ചെമ്പാകുമ്പോൾ കുഴപ്പമില്ല. അതിൽ അശുദ്ധി പിടിക്കില്ല എന്നാണ് വിശ്വാസം. മന്ത്രവാദത്തിനുപോലും ചെമ്പുതകിടുകളാണ് ഉപയോഗിക്കുക. ഏത് ദോഷവും അത് പിടിച്ചുകൊള്ളുമത്രേ. പാടത്ത് പണിയെടുക്കുന്ന പുലയർക്ക് കഞ്ഞികൊണ്ടുപോകാനും ചെമ്പുപാത്രമാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്.

വാരണപ്പള്ളിയിലെ ഗുരുവിന്റെ ജീവിതകാലത്തെക്കുറിച്ച് വായിച്ചപ്പോൾ മനസിൽ കടന്നുകൂടിയ അതേ ചെമ്പുമൊന്തയാണ് ഈ കുഞ്ഞുങ്ങൾക്കു മുന്നിലിരിക്കുന്നത്. അതിൽ പക്ഷേ, എത്ര കഴുകയിട്ടും പോകാത്ത ജാതിക്കുശുമ്പിന്റെ ക്ലാവ് പ​റ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. സംസാരാർണവത്തിൽ മുങ്ങി സ്‌നേഹം, കാരുണ്യം, അനുകമ്പ, സത്യം, ധർമ്മം, അഹിംസ തുടങ്ങിയ ജീവിതമൂല്യങ്ങളാകുന്ന രത്‌നങ്ങൾ എടുത്ത് ചെമ്പുമൊന്തയിൽ നിറയ്ക്കാൻ എന്തുകൊണ്ടാണ് നാണുഭക്തൻ ആഗ്രഹിച്ചതെന്ന് തെന്നൂർ ഭവനത്തിലെ ആ ക്ലാവുപിടിച്ച മൊന്തകൾ വെളിപ്പെടുത്തുന്നു. ഗുരുവിന്റെ ചെമ്പുമൊന്ത ഈ സമൂഹത്തിലെ ഏ​റ്റവും അടിത്തട്ടിൽ കിടക്കാൻ വിധിക്കപ്പെട്ട മനുഷ്യദേഹങ്ങളായിരുന്നു. അവരുടെ ഉള്ളിൽ ജീവിതമൂല്യങ്ങളാകുന്ന രത്‌നങ്ങൾ നിറയ്ക്കാൻ തൃപ്പാദങ്ങൾ ആഗ്രഹിച്ചു. രത്‌നങ്ങൾ ഇരിക്കുന്ന പാത്രം ചെമ്പുമൊന്തയാണെങ്കിലും പ്രാധാന്യംകൂടും. വിദ്യാരത്‌നങ്ങളാകയാൽ അവ ആരെങ്കിലും കവർന്നാലും എണ്ണം കുറയില്ല; വർദ്ധിക്കുകയേ ഉള്ളൂ. അങ്ങനെ എത്രയോ ചെമ്പുമൊന്തകളിൽ ഗുരുദേവൻ രത്‌നങ്ങൾ നിറച്ചുവച്ചു...

ദുരിതസാഹചര്യങ്ങളിൽപ്പെട്ട് അഴുക്കുപിടിച്ചുകിടക്കുന്ന ഒരുപാട് ചെമ്പുമൊന്തകൾ നമുക്കു ചു​റ്റിനുമുണ്ട്. അവയിലൊന്നെങ്കിലും കണ്ടെടുത്ത് വൃത്തിയാക്കി വിദ്യാവബോധത്തിന്റെ രത്‌നങ്ങൾ നിറയ്ക്കാൻ നാം ശ്രമിക്കണം. രത്‌നം നിറച്ച ചെമ്പുമൊന്തകളുടെ എണ്ണംകൂടുന്തോറും ഈ ലോകം കൂടുതൽ ജീവിതയോഗ്യമായി മാറും. പക്ഷേ, അവയിൽ ജാതിക്കുശുമ്പിന്റെ ക്ലാവ് പിടിക്കാതെ നോക്കണമെന്നുമാത്രം.

2 comments:

  1. ക്ലാവ് പിടിയ്ക്കാത്ത പാഠങ്ങള്‍

    ReplyDelete
  2. your presentation is excellent. keep it up. put more write up here.

    ReplyDelete